Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, September 14, 2009

മല്ലു ഭഗവത് ഗീത

കുരുക്ഷേത്ര ഭൂമി വെടിപ്പാക്കി ഇട്ടിരുന്നു.

കതിനയും ചെണ്ടയും മുഴങ്ങി. രണഭേരികള്‍ ഉയര്‍ന്നു.

യുദ്ധസന്നദ്ധരായി സൈന്യം മുഖാമുഖം നിന്നു.

“റെഡി സ്റ്റാര്‍ട്ട്”.

പാണ്ഡവന്മാരുടെ ചേകോന്‍ വിജയന് ഒരു മടി. അപ്പുറത്ത് എല്ലാം ബന്ധുക്കള്‍, സഖാക്കള്‍.

അച്യുതന്‍ വിജയനെ വിളിച്ചു. ചെവിയില്‍ ഗീത ഓതി.” അവന്മാര്‍ തീട്ടത്തിലെ ചെറിപ്പഴമാണ്. അടിയെടാ അവന്മാരെ”.

(അച്യുതാനന്ദന്‍ വിജയന്റെ ചെവിയില്‍ ഓതിയ ഉപദേശത്തെ “ഉള്ള മണ്ണില്‍ ഉറച്ചു നില്‍ക്കും ഉയിരു പോയാലും” എന്ന പേരില്‍ ദേശാഭിമാനി പുസ്തകമാക്കി. ആകെ അച്ചടിച്ചത് അഞ്ഞൂറെണ്ണം വിറ്റത് ഒന്‍പത്)
ഉപദേശത്തില്‍ വീര്യമാര്‍ന്ന് വിജയന്‍ അമ്പുകള്‍ പായിച്ചു.അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നായി.
ദ്രോണര്‍, ദ്രുപദര്‍, രവീന്ദ്രര്‍, ലോറന്‍സ്, അപ്പുക്കുട്ടന്‍ .............എല്ലാവരുടേയും തലയറ്റു.
ശങ്കരന്‍ ഒരു തെങ്ങിന്റെ പിന്നില്‍ ഒളിച്ചിരുന്ന് രക്ഷപെട്ടു.
ജയാരവങ്ങളോടെ വിജയന്‍ തേരില്‍ നിന്നിറങ്ങി പാഞ്ചജന്യം മുഴക്കി.
ആ ശംഖില്‍ അച്യതന്‍ കറന്റ് കമ്പി ഘടിപ്പിച്ചിരുന്നു.
അനന്തരം എഴുത്തച്ച്ഛന്‍ ഗാന്ധാരീവിലാപം എഴുതി.

Wednesday, September 9, 2009

എസ് ആകൃതിയിലുള്ള കത്തി

ഇറച്ചിക്കടയില്‍ നിന്നും ഇറങ്ങി ഓടിയ കോഴി ആലപ്പുഴയിലെത്തി കൊല്ലനെ കണ്ടു.

‘ഒരു കത്തി തരുമോ” - കോഴി ചോദിച്ചു.
“ഇരു നൂറ്റി നാല്പത് രൂപ” - കൊല്ലന്‍ പറഞ്ഞു.
കോഴി തൂവലിനിടയില്‍ നിന്നും ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തു നീട്ടി.

“നീയാര്‍ വിന്‍സന്റ് പോളോ” കൊല്ലന്‍ പരിഹസിച്ചു.

സങ്കടം വന്ന കോഴി എറണാകുളത്തെത്തി സെബാസ്ത്യന്‍ പോളിനെ കണ്ടു.
“ഞാനിപ്പം എം.പി.യല്ല” പോള്‍ കൈമലര്‍ത്തി.

കോഴി പിന്നെ തിരുവനന്തപുരത്തെത്തി ഏഷ്യാനെറ്റില്‍ കയറി മറ്റേ കോഴിയെ അന്വേഷിച്ചു.

ഇവിടന്ന് അടിച്ചോടിച്ചെന്നും മറ്റേ ചാനലില്‍ കാണുമെന്നും കന്നടക്കാരന്‍ പുട്ടണ്ണ പറഞ്ഞു.

പുറത്തിറങ്ങി കോഴി കാഴ്ചകള്‍ കണ്ടു നടന്നു.

പെട്ടെന്ന് സി-ഡിറ്റില്‍ നിന്നും ഭീകരമായൊരു ശാസ്ത്രീയസംഗീതം കേട്ട് കോഴി ഞെഞ്ചത്തടിച്ചു നിലവിളിച്ചു.

കരഞ്ഞു കൊണ്ട് കോഴി ഇറച്ചിക്കടയിലേക്ക് തിരിഞ്ഞോടി.

കശാപ്പുകാരന്‍ “എസ്” ആകൃതിയിലുള്ള ഒരു കത്തി കൊണ്ട് കോഴിയെ കൊലപ്പെടുത്തി.

“പീസാക്കണോ.........?“ കശാപ്പുകാരന്‍ ചോദിച്ചു.

“ആയിക്കോട്ടെ” കോഴി പറഞ്ഞു. “ മനോരമ, മാതൃഭൂമി, മംഗളം .........എല്ലാപേര്‍ക്കും കൊടുക്കാനുള്ളതല്ലേ....
പീസ്........പീസ്.......ആക്കിക്കോ..................................”